ഇന്റര്‍നെറ്റ് ബാങ്കിങ് വഴി എസ്ബിഐയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു

274 13/01/2018 admin
img

കാസര്‍കോട്: ഇന്റര്‍നെറ്റ് ബാങ്കിങ് വഴി എസ്ബിഐയില്‍ നിക്ഷേപിച്ച 21 ലക്ഷം രൂപ ഹാക്കര്‍മാര്‍ തട്ടിയെടുത്തു. ജില്ലയിലെ രണ്ടു സഹകരണ ബാങ്കുകളാണ് പണം നിക്ഷേപിച്ചത്. പൊലീസും സൈബര്‍ സെല്ലും സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവം നടന്നത് വിദ്യാനഗര്‍ എസ്ബിഐ ശാഖയിലാണ്. ആദ്യം നഷ്ടമായത് ബേഡകം ഫാര്‍മേഴ്സ് സര്‍വീസ് സഹകരണ ബാങ്കിലെ അഞ്ചു ലക്ഷം രൂപയാണ്. ഈ തുക വിര്‍ച്വല്‍ കറന്‍സി രൂപമായ ബിറ്റ്കോയിനായി മാറ്റപ്പെട്ടുവെന്നാണ് സൈബര്‍ ഡോമിനു ലഭിച്ച പരാതി. ബിറ്റ്കോയിനായി രൂപമാറ്റം ചെയ്യപ്പെട്ട പണം കണ്ടെത്താന്‍ പ്രയാസകരമായേക്കും. ചെങ്കള സര്‍വീസ് സഹകരണ ബാങ്കിലെ 16 ലക്ഷം രൂപ നഷ്ടമായത് ബേഡകത്തു നിന്നുള്ള പരാതി എത്തി മൂന്നു ദിവസത്തിനിടയിലാണ്. അതേസമയം, എസ്ബിഐയുടെ വിശദീകരണം ചെങ്കള ബാങ്ക് നിക്ഷേപിച്ച പണം നഷ്ടമായിട്ടില്ലെന്നും വിവരമറിഞ്ഞയുടനെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ടെന്നുമാണ്. ഇരു സഹകരണ ബാങ്കുകളും എസ്ബിഐയിലേക്ക് ഓണ്‍ലൈനായി നിക്ഷേപിച്ച പണമാണ് തട്ടിയിരിക്കുന്നത്. ഹാക്കിങ് എസ്ബിഐയുടെ സെര്‍വര്‍ വഴിയാണ് നടന്നതെന്ന സംശയത്തിലാണ് പൊലീസ്. രണ്ടു ബാങ്കുകളിലും തട്ടിപ്പു നടന്നത് മൂന്നു ദിവസത്തെ വ്യത്യാസത്തിനിടയിലാണ്. പ്രാഥമികാന്വേഷണം നടത്തി കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നു ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമണ്‍ അറിയിച്ചു. സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും നിക്ഷേപം ജില്ലാ സഹകരണ ബാങ്കുകളിലാണെങ്കിലും ഇടപാടുകാരുടെ സൗകര്യാര്‍ഥം ഇന്റര്‍നെറ്റ് ബാങ്കിങ്ങിനു വേണ്ടിയാണ് ദേശസാല്‍കൃത ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നത്.