യാത്രക്കാരുമായോ മറ്റുള്ളവരുമായോ ഉള്ള തര്‍ക്കത്തിന്റെ പേരില്‍ ബസ് മുടക്കുന്ന ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി!!

229 13/02/2018 admin
img

തിരുവനന്തപുരം: യാത്രക്കാരുമായോ മറ്റുള്ളവരുമായോ ഉള്ള തര്‍ക്കത്തിന്റെ പേരില്‍ ബസ് മുടക്കുന്ന ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യാന്‍ കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ എ. ഹേമചന്ദ്രന്‍ ഉത്തരവിട്ടു. നിസ്സാരസംഭവങ്ങള്‍ വലുതാക്കി യാത്രക്കാരെ പെരുവഴിയിലാക്കുന്നത് ഗുരുതരകുറ്റമാണ്. യാത്രയ്ക്കിടയില്‍ തര്‍ക്കമുണ്ടായാല്‍ പരമാവധി സംയമനം പാലിക്കണം. യാത്രക്കാരോടും മറ്റുള്ളവരോടും മാന്യമായി പെരുമാറണം. വാക്കിലും പെരുമാറ്റത്തിലും വിനയം വേണം. പ്രകോപനമുണ്ടായാലും സംയമനം പാലിക്കണം. പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ശ്രമിക്കണം. മോശമായ അനുഭവം ഉണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ നിയമാനുസൃതമായ സഹായം തേടാം. ജോലിയില്‍നിന്നു വിട്ടുനില്‍ക്കുന്ന പ്രവണത ശരിയല്ലെന്നും ഉത്തരവില്‍ പറയുന്നു. ജീവനക്കാര്‍ക്കെതിരേ അക്രമം ഉണ്ടായെന്ന് വരുത്തിത്തീര്‍ത്ത് മറ്റു ബസ്സുകളും മുടക്കുന്ന പ്രവണതയെ തുടര്‍ന്നാണ് കര്‍ശന നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. അടുത്തിടെ എരുമേലിയിലും മൈസൂരുവിലുമുണ്ടായ ചില തര്‍ക്കങ്ങളുടെ പേരില്‍ ഒന്നിലധികം കെ.എസ്.ആര്‍.ടി.സി. ബസ്സുകള്‍ തടസ്സപ്പെട്ടിരുന്നു. മിന്നല്‍ സമരംപോലെ ജീവനക്കാര്‍ ബസ് മുടക്കുകയായിരുന്നു. ഈ പ്രവണത ഒരു കാരണശാലും അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് മാനേജ്മെന്റ്. ആക്രമിക്കപ്പെട്ട ജീവനക്കാരോട് അനുഭാവം പ്രകടിപ്പിച്ച്‌ മറ്റുള്ളവര്‍ ജോലിയില്‍നിന്നു വിട്ടുനില്‍ക്കാറുണ്ട്. ഇത് അനുവദിക്കാനാകില്ല. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഡിപ്പോ മേധാവിക്ക് അച്ചടക്കനടപടി സ്വീകരിക്കാന്‍ അധികാരം നല്‍കി. കുറ്റക്കാരെ സസ്പെന്‍ഡുചെയ്തശേഷം ചീഫ് ഓഫീസില്‍ അറിയിച്ചാല്‍ മതി. ആക്രമണമോ മറ്റോ ഉണ്ടായാല്‍ അതിനിരയായ ജീവനക്കാര്‍ക്ക് നിയമപരമായ പരിരക്ഷ ലഭിക്കും. ഇതിന്റെപേരില്‍ മറ്റു ബസ്സുകള്‍ മുടക്കരുതെന്നും ഉത്തരവില്‍ പറയുന്നു.