സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു! മിനിമം ചാര്‍ജ് എട്ട് രൂപ

106 14/02/2018 admin
img

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ഇനി മുതല്‍ മിനിമം ചാര്‍ജ് എട്ട് രൂപയായി മാറി. ഇന്നത്തെ മന്ത്രി സഭ യോഗത്തിലാണ് പുതിയ തീരുമാനമെടുത്തത്. ഫാസ്റ്റ് പാസഞ്ചര്‍ ബസുകളില്‍ മിനിമം ചാര്‍ജ് പത്തില്‍ നിന്ന് പതിനൊന്നായും തീരുമാനമായി. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കിലും ആനുപാതികമായ വര്‍ധനവുണ്ടാകുമെന്ന് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രന്‍ ഇന്നലെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വന്നിട്ടില്ല. സ്വകാര്യ ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ച സാഹചര്യത്തിലായിരുന്നു ബസ് ചാര്‍ജ് വര്‍ധന വന്നത്. പുതുക്കിയ നിരക്കുകള്‍ പ്രകാരം കിലോമീറ്ററിനു നിലവിലെ 64 പൈസ 70 പൈസയായി വര്‍ധിക്കും. ഓര്‍ഡിനറി, സിറ്റി, ഫാസ്റ്റ് ബസ് ചാര്‍ജ് ഏഴില്‍നിന്ന് എട്ടു രൂപയാകും. ഫാസ്റ്റ് പാസഞ്ചര്‍ നിരക്ക് പത്തില്‍നിന്ന് പതിനൊന്നും എക്സിക്യുട്ടീവ്, സൂപ്പര്‍ എക്സ്പ്രസ് നിരക്ക് 13ല്‍നിന്ന് 15 രൂപയായും ഉയരും. സൂപ്പര്‍ ഡീലക്സ് നിരക്ക് 22 രൂപ, ഹൈടെക് ലക്ഷ്വറി എസി 44 രൂപ, വോള്‍വോ 45 രൂപ എന്ന നിരക്കിലുമായിരിക്കും ഉയരുക. അടിക്കടിയുള്ള ഇന്ധനവില വര്‍ധനവിന്റെ പേരില്‍ കെഎസ്‌ആര്‍ടിസിയും വലിയ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനമെടുത്തത്.