വാല്‍പ്പാറയില്‍ നാല് വയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടി!!!

127 14/02/2018 admin
img

ചാലക്കുടി: കേരള -തമിഴ്നാട് അതിര്‍ത്തിയായ വാല്‍പ്പാറയില്‍ നാല് വയസുകാരനെ കടിച്ചുകൊന്ന പുലിയെ പിടികൂടി. വനംവകുപ്പ് കൊല്ലപ്പെട്ട കുട്ടിയുടെ വീടിന് സമീപം വച്ച കൂട്ടില്‍ ഇന്നലെ രാത്രി പുലി കുടുങ്ങുകയായിരുന്നു. കഴിഞ്ഞ കുറച്ച്‌ നാളുകളായി വാല്‍പ്പാറ, മലക്കപ്പാറ മേഖലയില്‍ പുലിയുടെ ആക്രണം രൂക്ഷമായിരുന്നു. വളര്‍ത്തുമൃഗങ്ങള്‍ നിരവധി തവണയാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. ഇതിനിടെയാണ് ഒന്‍പതാം തിയതി അമ്മയ്ക്കൊപ്പം നില്‍ക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തി ശരീരഭാഗം ഭക്ഷിച്ചത്. വാല്‍പ്പാറ നടുമലൈ എസ്റ്റേറ്റില്‍ സെക്കന്റ്സ് ഡിവിഷനില്‍ തോട്ടം തൊഴിലാളിയുടെ നാലരവയസ്സുകാരനായ സെയ്തുള്‍ എന്ന കുട്ടിയാണ് പുലിയുടെ ആക്രമണത്തിന് ഇരയായത്. ജോലി കഴിഞ്ഞെത്തിയ മാതാവിനൊപ്പം കുളി കഴിഞ്ഞ് മുറ്റത്തേക്കിറങ്ങിയ കുട്ടിയെ പുലി കടിച്ചെടുത്ത് കാട്ടിലേക്ക് ഓടി മറയുകയായിരുന്നു. ഒമ്ബതാം തിയിതി വൈകുന്നേരം അഞ്ചരയോടെയാണ് ദാരുണ സംഭവമുണ്ടായത്. അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ സമീപത്തെ തേയില തോട്ടത്തില്‍ വിശദമായ തെരച്ചില്‍ നടത്തിയെങ്കിലും പിറ്റേന്ന് രാവിലെ കാട്ടില്‍ നിന്ന് തലവേര്‍പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. തേയില തോട്ടത്തിലെ ജോലിക്കാരായ ഷറഫലി-സഫിയ ദമ്ബതികളുടെ മകനാണ് സെയ്തുള്‍. കുട്ടിയെ പുലി കൊലപ്പെടുത്തിയതോടെ പ്രദേശത്ത് ജനങ്ങള്‍ ഏറെ പ്രക്ഷോഭത്തിലായിരുന്നു. കേരള -തമിഴ്നാട് അതിര്‍ത്തിപ്രദേശമായ വനമേഖലയാണ് വാല്‍പ്പാറ, മലക്കപ്പാറ പ്രദേശങ്ങള്‍. ഇരുസംസ്ഥാനങ്ങളിലെയും വനംവകുപ്പ് അധികൃതരുടെ സംയുക്ത തീരുമാനമുണ്ടെങ്കില്‍ മാത്രമേ കാട്ടുമൃഗശല്യത്തില്‍ നിന്ന് അടക്കമുള്ള വിഷയങ്ങളില്‍ നടപടി എടുക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഈ സാഹചര്യത്തില്‍ പ്രദേശത്തെ ജനങ്ങള്‍ വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നത് പതിവായിരുന്നു. ഇന്നലെ ഇവിടെ കരടിയുടെ ആക്രമണവുമുണ്ടായിരുന്നു. കരടിയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലെപ്പട്ടിരുന്നു. വന്യമൃഗങ്ങള്‍ എത്തി കൃഷി നശിപ്പിക്കുന്നതും ഇവിടെ പതിവായിരുന്നു. ഇതിനിടെയാണ് പിഞ്ചുകുഞ്ഞിനെ പുലി പിടിച്ചത്. ഇതേതുടര്‍ന്ന് നാട്ടുകാരുടെ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് കര്‍ശന നടപടിക്ക് വനംവകുപ്പുകള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് പുലിയുടെ ആക്രമണത്തിന് ഇരയായ സെയ്ദുളിന്റെ വീടിന് സമീപം കെണി വച്ചത്. ഈ കെണിയില്‍ പുലി അകപ്പെടുകയായിരുന്നു.