കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം നീട്ടി

428 12/03/2018 admin
img

തിരുവനന്തപുരം: കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം നീട്ടി. കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് ഉച്ചയ്ക്ക് പുറപ്പെടുവിച്ച അവലോകനത്തിലും കന്യാകുമാരിക്ക് തെക്ക് ശ്രീലങ്കയ്ക്ക് തെക്ക് പടിഞ്ഞാറ് ഉള്‍ക്കടലില്‍ ഉണ്ടായിട്ടുള്ള ന്യൂനമര്‍ദ്ദം ശക്തമായി നിലനില്‍ക്കുന്നു എന്ന് അറിയിച്ചിട്ടുണ്ട്. ഇത് ശക്തമായ ന്യുനമര്‍ദ്ദമാകുമെന്നാണ് സൂചനകള്‍. അടുത്ത 36 മണിക്കൂറില്‍ ന്യുനമര്‍ദം ശക്തിപ്പെടുകയും പടിഞ്ഞാറ് വടക്ക്പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിക്കുകയും തെക്കേ അറേബ്യന്‍ ഉള്‍ക്കടലില്‍ മാലീ ദ്വീപിന് സമീപം തീവ്ര ന്യുനമര്‍ദ്ദം ആകുകയും ചെയ്യും എന്നാണ് നിരീക്ഷണം. കടലിനുള്ളില്‍ കാറ്റിന്റെ വേഗം 65 കിലോമീറ്റര് വരെയും, തിരമാല സാധാരണയില്‍ നിന്നും 2.5 -3.2 വരെയും ആകുവാന്‍ സാധ്യതയുണ്ട്. ഇതിനാല്‍ മത്സ്യ തൊഴിലാളികള്‍ ശ്രീലങ്കയ്ക്ക് പടിഞ്ഞാറും, ലക്ഷദ്വീപിന് കിഴക്കും, കന്യാകുമാരിക്കും, തിരുവനന്തപുരത്തിനും പടിഞ്ഞാറും, മാലീ ദ്വീപിന് സമീപവും ഉള്ള തെക്കന്‍ ഇന്ത്യന്‍ കടലില്‍ മത്സ്യ ബന്ധനം നടത്തരുത് എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തിനു 14 ബുധന്‍ വരെ പ്രാബല്യം ഉണ്ടായിരിക്കും. തെക്കന്‍ കേരളത്തില്‍ 14 വരെ ശക്തമായ മഴ ലഭിക്കുവാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം പ്രവചിക്കുന്നു.