സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തിനെതിരേ ആരോഗ്യമന്ത്രി കെകെ ശൈലജ

139 13/04/2018 admin
img

തിരുവനന്തപുരം: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരത്തിനെതിരേ ആരോഗ്യമന്ത്രി കെകെ ശൈലജ. ജോലിക്ക് ഹാജരാകാത്ത ഡോക്ടര്‍മാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ജീവനക്കാരെ വര്‍ധിപ്പിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഒപി സമയം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്. മെഡിക്കല്‍ കോളേജുകള്‍ ഒഴികെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ ഒപി പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗത്തിലെത്തുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രമായിരിക്കും കിടത്തി ചികില്‍സ നല്‍കുക. ശനിയാഴ്ച മുതല്‍ കിടത്തി ചികില്‍സയും നിര്‍ത്തും. ആര്‍ദ്രം പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് ഡോക്ടര്‍മാരുടെ സമരത്തിന് പിന്നിലെന്ന് ആരോഗ്യമന്ത്രി പ്രതികരിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ജോലി സമയം രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെയാക്കി പുനക്രമീകരിച്ചിരുന്നു. ഇതിനാവശ്യമായ ജീവനക്കാരെ നിയമിച്ചിട്ടില്ലെന്നാണ് ഡോക്ടര്‍മാരുടെ പരാതി. ഉച്ചയ്ക്ക് ഒന്നര മുതല്‍ ആറുവരെയുള്ള ജോലിസമയത്ത് ഹാജരാകാതിരുന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ സികെ ജസ്‌നിയെ സസ്‌പെന്‍ഡ് ചെയ്തതാണ് പെട്ടെന്നുള്ള സമരത്തിനു കാരണം. ഒപി സമയം കൂട്ടിയ ആശുപത്രികളിലെല്ലാം മൂന്ന് ഡോക്ടര്‍മാരെ നിയമിച്ചിട്ടുണ്ട്. ജോലിഭാരം കൂടിയെന്ന വാദം അംഗീകരിക്കാനാവില്ലെന്നും ഡോക്ടര്‍മാരുടെ നീക്കത്തിനെതിരെ പൊതുജനങ്ങള്‍ പ്രതികരിക്കണമെന്നും മന്ത്രി പറഞ്ഞു