സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി

31 14/06/2018 admin
img

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ അടിയന്തരനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാലവര്‍ഷക്കെടുതി നേരിടുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്കും ജില്ലാ കളക്ടര്‍മാര്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കാലവര്‍ഷം കൂടുതല്‍ ദുരന്തം സൃഷ്ടിച്ച കോഴിക്കോട് ജില്ലയിലേക്ക് കേന്ദ്രദുരന്തനിവാരണ സേനയെ അയയ്ക്കും. 48 പേരടങ്ങുന്ന സംഘം ഉടന്‍ ജില്ലയില്‍ എത്തിച്ചേരുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അടിയന്തരഘട്ടങ്ങളെ നേരിടാന്‍ ഒരു സംഘത്തെ കൂടി സംസ്ഥാനത്ത് എത്തിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ പൊലീസ്, ഫയര്‍ഫോഴ്സ്, എന്നീ സേനാവിഭാഗങ്ങള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. റവന്യൂമന്ത്രിയുടെ നേതൃത്വത്തില്‍ ഗതാഗത, തൊഴില്‍ വകുപ്പുമന്ത്രിമാര്‍ കോഴിക്കോട് ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരിത്തുന്നുണ്ട്. അതേസമയം, കാലവര്‍ഷക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് എല്ലാ സഹായങ്ങളും എത്തിക്കുമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട്. പണം ഒരു പ്രശ്നമാകില്ലെന്നും ഉന്നതതല യോഗത്തിന് ശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.