വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ഫോണ്‍വിളികള്‍ സ്വീകരിക്കുന്നത് വഴി പണം നഷ്ടപ്പെടുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച്‌ പൊലീസ്

109 11/07/2018 admin
img

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന ഫോണ്‍വിളികള്‍ സ്വീകരിക്കുന്നത് വഴി പണം നഷ്ടപ്പെടുന്നതായി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ജാഗ്രത വേണമെന്ന് ആവര്‍ത്തിച്ച്‌ പൊലീസ്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ 591 എന്ന നമ്ബര്‍ ബൊളീവിയ എന്ന രാജ്യത്ത് നിന്നാണെന്നും ഈ നമ്ബരിലേക്ക് തിരിച്ച്‌ വിളിക്കരുതെന്നുമാണ് പൊലീസ് മേധാവിയുടെ നിര്‍ദ്ദേശം. കൂടാതെ വിദേശരാജ്യങ്ങളില്‍ നിന്നും വരുന്ന പരിചയം ഇല്ലാത്ത നമ്ബറിലേക്ക് തിരികെ വിളിക്കാതിരിക്കുന്നതാണ് നല്ലതെന്നും ഇത് പണം നഷ്ടപ്പെടാന്‍ ഇടയാക്കുന്നുണ്ടെന്നും മുന്നറിയിപ്പുണ്ട്. 10 അക്ക മൊബൈല്‍ നമ്ബറുകള്‍ 12 അക്കമായി മാറ്റുന്നു എന്ന വ്യാജേന ഉപഭോക്താക്കളുടെ ആധാര്‍ വിവരങ്ങള്‍, ബാങ്ക് വിവരങ്ങള്‍ എന്നിവ മനസ്സിലാക്കി ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം തട്ടുന്ന പുതിയ രീതിയും രംഗത്തുണ്ട്. ഓണ്‍ലൈന്‍ പണമിടപാടുകളിലെ തട്ടിപ്പിനായി ഉപഭോക്താവിനെ കബളിപ്പിച്ച്‌ വണ്‍ടൈം പാസ് വേഡ്, പിന്‍നമ്ബര്‍ എന്നിവ ചോര്‍ത്തിയെടുക്കുന്ന സംഘവും രംഗത്തുണ്ട്. ബാങ്കില്‍ നിന്നാണെന്നും മറ്റും പറഞ്ഞ് വിവരങ്ങള്‍ സ്വന്തമാക്കിയാണ് തട്ടിപ്പുകള്‍ നടത്തുന്നത്. ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ പൊലീസില്‍ അറിയിക്കേണ്ടതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ കോതമംഗലം, എറണാകുളം സ്വദേശികളില്‍ നിന്നും നഷ്ടപ്പെട്ട 99 ശതമാനം തുകയും സൈബര്‍ സെല്‍ മുഖേനെ തിരിച്ചുപിടിക്കാനായി. സൈബര്‍സെല്‍ സഹായങ്ങള്‍ക്കായി 9497976005 എന്ന നമ്ബര്‍ ഉപയോഗപ്പെടുത്താവുന്നതാണ്. കൂടാതെ വിദേശ ഇടപാടുകള്‍ ആവശ്യമില്ലാത്തവര്‍ തങ്ങളുടെ ബാങ്കുകളില്‍ സമീപിച്ച്‌ സൗകര്യം ആക്ടിവേറ്റ് ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.