ഇനി വിശന്ന് എത്തുന്നവരെ കാത്ത് രാത്രി പന്ത്രണ്ട് മണി വരെ തിരുവനന്തപുരം നഗരത്തിലെ തട്ടുകടകള്‍ കണ്ണുകള്‍ തുറന്നിരിക്കും!

102 12/07/2018 admin
img

തിരുവനന്തപുരം: തലസ്ഥാനത്ത് എത്തുന്നവര്‍ വിശന്നിരിക്കാന്‍ ഇടവരരുതെന്ന് നഗരസഭയും പോലീസും തീരുമാനിച്ചു. വിശന്ന് എത്തുന്നവരെ കാത്ത് രാത്രി പന്ത്രണ്ട് മണി വരെ തിരുവനന്തപുരം നഗരത്തിലെ തട്ടുകടകള്‍ കണ്ണുകള്‍ തുറന്നിരിക്കും. പതിനൊന്ന് മണിവരെയായിരുന്നു മുമ്ബ് തട്ടുകടകള്‍ പ്രവര്‍ത്തിച്ചിരുന്നത്. സുരക്ഷാപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തട്ടുകടകളില്‍ സിസിടിവി സ്ഥാപിക്കാമെന്ന് പ്രതിനിധികള്‍ അധികൃതരെ അറിയിച്ചതോടെയാണ് പുതിയ തീരുമാനം. ബസിലും ട്രെയിനിലും രാത്രി വൈകി നഗരത്തിലെത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് ദീര്‍ഘകാലമായി ഉള്ള പരാതിയായിരുന്നു. ഇത് കണക്കിലെടുത്താണ് പരീക്ഷണാടിസ്ഥാനത്തില്‍ പന്ത്രണ്ട് മണി വരെ തട്ടുകടകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാന്‍ ധാരണയായത്. സിസിടിവി തട്ടുകടകളില്‍ സ്ഥാപിക്കുന്നതില്‍ പരിമിതികള്‍ ഉണ്ട്. കെട്ടിടത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും മൊബൈല്‍ തട്ടുകടകളിലും മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ഉന്തുവണ്ടികളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ക്ക് വൈദ്യുതി കണക്ഷന്‍ ഇല്ലാത്തതിനാല്‍ ക്യമറ സ്ഥാപിക്കുന്നത് സാധ്യമാവില്ല. പ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടായാല്‍ ഉടന്‍ പോലീസിനെ വിവരം അറിയിക്കണമെന്നും അല്ലെങ്കില്‍ പുതിയ തീരുമാനം മാറ്റുമെന്നും കമ്മീഷണര്‍ പി പ്രകാശ് പറഞ്ഞു.