കേരളത്തിന് സഹായ ഹസ്തം നീട്ടി അയല്‍ സംസ്ഥാനങ്ങള്‍ !

92 10/08/2018 admin
img

കേരളത്തില്‍ ദുരിത പെയ്ത് തുടരുന്നത് ഏറെ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായമായി തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടി രൂപ അടിയന്തരസഹായം നല്‍കി. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പഴനിസാമിയാണ് അഞ്ച് കോടി രൂപ അടിയന്തരസഹായം തമിഴ്‌നാട് സര്‍ക്കാര്‍ കൈമാറുമെന്ന് അറിയിച്ചത്. വെള്ളപ്പൊക്ക ദുരിതത്തില്‍ പഴനിസാമി അഗാതമായ ദുഃഖം രേഖപ്പെടുത്തി. കാലവര്‍ഷക്കെടുതി മൂലം കേരളത്തില്‍ നിരവധിപേര്‍ മരണപ്പെട്ടു. പല ജില്ലയിലും വ്യപക നാശം സംഭവിച്ചതായി മനസ്സിലാക്കുന്നു. വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ കുടുംബങ്ങളെ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. കേരളം ആവശ്യപ്പെടുന്നതനുസരിച്ച്‌ കൂടുതല്‍ സഹായം തമിഴ്‌നാട് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകം നേരത്തെ 10 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നു. ദുരിത പെയ്ത്തില്‍ സംസ്ഥാനത്ത് ഉടനീളം 27 പേര്‍ക്ക് ജീവന്‍ നഷ്ടമായി. നിരവധി പേരെ കാണാതായിട്ടുണ്ട്. ഇടുക്കിയില്‍ മാത്രം 11 പേരാണ് മരിച്ചത്. മണ്ണിടിച്ചിലും, ഉരുള്‍പ്പൊട്ടലും വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി ജില്ലകളില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഇടുക്കി ചെറുതോണി അടക്കം 22 ഡാമുകളുടെ ഷട്ടറുകളാണ് സംസ്ഥാനത്ത് ഉയര്‍ത്തിയിരിക്കുന്നത്. ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. മലയോര മേഖലകളിലാണ് കേരളത്തില്‍ ഏറ്റവും അധികം വിദേശികളെത്തുന്നത്. അതുകൊണ്ട് തന്നെ ടൂറിസത്തേയും മഴ കാര്യമായി തന്നെ ബാധിക്കും. ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് മഴ ശക്തമായതോടെ മലയോര മേഖലയിലും സംസ്ഥാനത്തോട് അതിര്‍ത്തി പങ്കിടുന്ന തമിഴ്‌നാട് കര്‍ണാടക സംസ്ഥാനങ്ങളിലും കനത്ത മഴയാണ് രേഖപ്പെടുത്തുന്നത്. എന്നും തര്‍ക്കം നിലനില്‍ക്കുന്ന അതിര്‍ത്തിയില്‍ നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ 11 സെന്റീമീറ്റര്‍ കനത്തമഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം ആളുകളെത്തുന്ന തീര്‍ത്ഥാടനകേന്ദ്രമായ ശബരിമലയിലും വ്യാഴാഴ്ച രാത്രി കനത്ത മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 12.8 സെന്റീമീറ്റര്‍ മഴയാണ് കഴിഞ്ഞ രാത്രി ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന വാല്‍പ്പാറയില്‍ 17 സെന്റീമീറ്ററും ചിന്നക്കനാല്‍, ദേവാല 12, 10 സെന്റീമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കന്യാകുമാരിയില്‍ ചേച്ചിപ്പാറയില്‍ അഞ്ച് സെന്റീമീറ്റര്‍ മഴയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയുടെ കിഴക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ധര്‍മ്മസ്ഥലയില്‍ 15സെന്റീമീറ്ററും മടിക്കേരിയില്‍ 14സെന്റീമീറ്ററും അഗുംബെയില്‍ 13 സെന്റീമീറ്ററുമാണ് മഴ രേഖപ്പെടുത്തിയിരിക്കുന്നത്.