വീണ്ടും നാശം വിതച്ച്‌ കേരളക്കരയില്‍ മഴ വീണ്ടും ശക്തമായതിനു പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തു രൂപപ്പെട്ടു കരയിലേക്കു കയറിയ ന്യൂനമര്‍ദമാണെന്ന് കണ്ടെത്തല്‍

31 10/08/2018 admin
img

തിരുവനന്തപുരം: വീണ്ടും നാശം വിതച്ച്‌ കേരളക്കരയില്‍ മഴ വീണ്ടും ശക്തമായതിനു പിന്നില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷ തീരത്തു രൂപപ്പെട്ടു കരയിലേക്കു കയറിയ ന്യൂനമര്‍ദമാണെന്ന് കണ്ടെത്തല്‍. ശാന്തസമുദ്രത്തില്‍ രൂപപ്പെട്ട ഷന്‍ഷന്‍, യാഗി എന്നീ പേരുകളുള്ള രണ്ടു ചുഴലിക്കാറ്റുകളും കേരളത്തിലെ മഴയെ സ്വാധീനിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു. കനത്ത മഴ ദിവസങ്ങള്‍ക്കിടയിലെ പതിവ് ഇടവേളകള്‍ വന്‍തോതില്‍ കുറഞ്ഞതും മഴവെള്ളം ഭൂമിയിലേക്ക് താഴാത്തതുമാണ് വെള്ളപ്പൊക്കത്തിനും ഡാമുകളിലെ ജലനിരപ്പ് ഉയരാനും ഇടയാക്കിയത്. മഴയുടെ തീവ്രതയും കൂടി. 24 മണിക്കൂറിനുള്ളില്‍ 20 സെന്റിമീറ്റര്‍ മഴയാണു പലയിടത്തുമുണ്ടായത്. കേരളത്തിലാകെ ജൂണ്‍ മുതല്‍ ഇന്നലെ വരെ പ്രതീക്ഷയ്ക്കപ്പുറമായി പതിവിലും 15 ശതമാനം അധികം മഴയാണ് ലഭിച്ചത്. ഇടുക്കി മുതല്‍ വയനാട് വരെ ജില്ലകളിലാണ് അപ്രതീക്ഷിതമായി മഴ കൂടിയത്. ഇടുക്കിയില്‍ 41 ശതമാനവും കോട്ടയത്ത് 35 ശതമാനവും എറണാകുളത്ത് 33 ശതമാനവും പാലക്കാട്ട് 38 ശതമാനവും അധികം മഴ ലഭിച്ചു. വയനാട്ടില്‍ ഏറെ വര്‍ഷങ്ങളായി മഴ കുറഞ്ഞുവരുന്ന പ്രവണത ഈ വര്‍ഷം മാറി. തൃശൂരും കാസര്‍കോട്ടും ഇപ്പോഴും പതിവുമഴ പോലും ലഭിച്ചിട്ടില്ല. ബംഗാള്‍ ഉള്‍ക്കടലില്‍ തുടരെത്തുടരെയുണ്ടാകുന്ന ന്യൂനമര്‍ദങ്ങള്‍ മൂലം കേരളതീരത്ത് പടിഞ്ഞാറന്‍ കാറ്റിന്റെ ശക്തി കൂടുന്നതാണ് ഇടവേളകളില്ലാതെ കനത്ത മഴ പെയ്യുന്നതിനു കാരണമാകുന്നത്. ഈ കാറ്റ് മലയോര മേഖലകളില്‍ എത്തുന്നതോടെ മഴ കനക്കുന്നു. കഴിഞ്ഞ ദിവസം ഒഡീഷ തീരത്തു രൂപപ്പെട്ട ന്യൂനമര്‍ദം മധ്യപ്രദേശ് ഭാഗത്തേക്കു കടന്നതായി കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ഡോ. കെ സന്തോഷ് പറഞ്ഞു.