സന്നിധാനത്ത് വനിത പൊലീസ് കയറിയാല്‍ തടയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍

190 10/10/2018 admin
img

കണ്ണൂര്‍: സന്നിധാനത്ത് വനിത പൊലീസ് കയറിയാല്‍ തടയുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. വിശ്വാസികള്‍ എന്ത് നിലപാട് സ്വീകരിക്കുന്നുവോ അതിനൊപ്പം ഉണ്ടാകുമെന്നും സുധാകരന്‍ അറിയിച്ചു. അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഉണ്ടാകില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നും നിലവിലെ സൗകര്യങ്ങളില്‍ മുമ്ബും സ്ത്രീകള്‍ വന്നിട്ടുണ്ട് എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു. തുടര്‍ നടപടികള്‍ ഹൈക്കോടതി നിര്‍ദേശമനുസരിച്ചെന്നും പദ്മകുമാര്‍ വ്യക്തമാക്കി. കോടതി വിധിക്കെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടത്തിയ റോഡ് ഉപരോധത്തിനിടെ സംഘര്‍ഷമുണ്ടായി. പ്രതിഷേധക്കാര്‍ നടത്തിയ റാലിക്കിടയില്‍ റോഡിന്റെ ഒരു വശത്തു കൂടെ വാഹനങ്ങള്‍ പോകാന്‍ അനുവദിക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടതാണ് സംഘര്‍ഷത്തിനിടയാക്കിയത്. പൊലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്ന് സമരക്കാര്‍ അറിയിച്ചതോടെ ഇവരെ ബലം പ്രയോഗിച്ച്‌ നീക്കാന്‍ പൊലീസ് ശ്രമിച്ചു. തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്.