അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഇന്നലെ രൂപപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളതീരത്ത് ജാ​ഗ്രതാ നിര്‍ദേശം !

237 11/10/2018 admin
img

തിരുവനന്തപുരം: അറബിക്കടലിന്‍റെ തെക്കുപടിഞ്ഞാറ് ഭാഗത്തായി ഇന്നലെ രൂപപ്പെട്ട അതിശക്തമായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കേരളതീരത്ത് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാ​ഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഇന്ന് വൈകുന്നേരത്തോടു കൂടി കാറ്റിന്‍റെ വേഗത ശക്തിപ്രാപിച്ച്‌ മണിക്കൂറില്‍ 135 മുതല്‍ 145 കിലോ മീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കുറില്‍ 160 കിലോ മീറ്റര്‍ വേഗതയിലും വീശുവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ന്ന് അറബിക്കടലിന്‍റെ തെക്ക് പടിഞ്ഞാറന്‍ ഭാഗത്ത് ഒക്ടോബര്‍ 11 മുതല്‍ കാറ്റിന്‍റെ വേഗത കുറയുന്നതുമാണ്. ഇതിന്‍റെ ഫലമായി അറബിക്കടലിന്‍റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളിലും തെക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും കടല്‍ പ്രക്ഷുബ്ധമോ അതി പ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. ആയതിനാല്‍ മത്സ്യത്തൊഴിലാളികള്‍ അറബിക്കടലിന്‍റെ മധ്യ പടിഞ്ഞാറന്‍ തീരങ്ങളില്‍ ഒക്ടോബര്‍ 11 വരെയും ഗള്‍ഫ് ഓഫ് യെദന്‍ തീരങ്ങളിലും അറബിക്കടലിന്‍റെ തെക്ക് പടിഞ്ഞാറന്‍ തീരങ്ങളിലും ഒക്ടോബര്‍ 14 വരെയും ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുത്. ഈ മുന്നറിയിപ്പ് അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.