ഗുരുതരമായ ഹൃദ്രോഗത്താല്‍ പിടഞ്ഞ ഒരുവയസുകാരന് അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍


തിരുവല്ല: ഗുരുതരമായ ഹൃദ്രോഗത്താല്‍ പിടഞ്ഞ ഒരുവയസുകാരന് അത്യപൂര്‍വ ശസ്ത്രക്രിയയിലൂടെ പുതുജീവന്‍. പോലീസ് രക്ഷാവഴിയൊരുക്കിയ മന്‍സൂര്‍- സബീറ ദമ്ബതികളുടെ മകന് അസ്കറിന്റെ ഹൃദയതാളമാണു ബിലീവേഴ്സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വീണ്ടെടുത്തത്. തൃശൂര്‍ മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ നിന്നു പോലീസ് സുരക്ഷയില്‍ രണ്ടര മണിക്കൂര്‍ കൊണ്ടായിരുന്നു കഴിഞ്ഞ മൂന്നിനു ഇവിടെ കുട്ടിയെ എത്തിച്ചത്. ഇതുസംബന്ധിച്ചു മംഗളം നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൃദയത്തിന്റെ അറയിലെ വെന്‍ട്രിക്കിളിന്റെ ഭിത്തിയിലുള്ള സുഷിരം (വെന്‍ട്രിക്കുലര്‍ സെപ്റ്റല്‍ ഡിഫക്ട് ) ആയിരുന്നു പ്രശ്നം. ഇതുവഴി ശുദ്ധരക്തവും അശുദ്ധരക്തവും കലരുന്നത് കുഞ്ഞിനെ നിത്യരോഗിയാക്കി. അസുഖം മൂര്ച്ഛിച്ചതിനെത്തുടര്ന്നാണു പോലീസ് അകമ്ബടിയോടെ ആംബുലന്‍സില്‍ എത്തിച്ചത്. നാലിന് അവശ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി. അഞ്ചിന് പ്രമുഖ പീഡിയാട്രിക് കാര്‍ഡിയോ തൊറാസിക് സര്ജന്മാരില് ഒരാളായ ഡോ. ജോണ്‍ വല്യത്തിന്റെ നേതൃത്വത്തില്‍ അസ്കറിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. മൂന്നേമുക്കാല്‍ മണിക്കൂര്‍ കൊണ്ടാണ് ഹൃദയഭിത്തിയുടെ സുഷിരം അടച്ചത്. ഡോ. ആര്. സുരേഷ് കുമാര്‍ (പീഡിയാട്രിക് കാര്‍ഡിയോളജി സര്ജന്), ഡോ. സജിത്ത് സുെലെമാന് (പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ്), ഡോ. മിനുതോമസ് (പീഡിയാട്രിക് കാര്‍ഡിയാക് ഇന്റന്‍സീവ് കെയര്‍) എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ഒരു മാസത്തോളം കുട്ടിയെ ആശുപത്രിയില്‍ തന്നെ കിടത്തേണ്ടി വരുമെന്നാണു കരുതിയിരുന്നതെങ്കിലും അസ്കര്‍ വേഗം സുഖംപ്രാപിച്ചു. ആറിനു വെന്റിലേറ്ററില്‍നിന്ന് മാറ്റി. അടുത്തദിവസം ഭക്ഷണവും കഴിച്ചു തുടങ്ങി. കുട്ടിയിപ്പോള്‍ പൂര്‍ണ ആരോഗ്യവാനാണ്. ഉടന്‍ തന്നെ ആശുപത്രി വിടും. ഇനി മരുന്നുകളും തുടര്‍ ചികില്‍സയും ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. ജനിച്ച് ഇരുപത്തിയാറാം ദിവസമാണ് ഹൃദയഭിത്തിക്ക് സുഷിരമുണ്ടെന്നു കണ്ടെത്തിയത്. അതു കൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടങ്ങള്‍ കൃത്യമായിരുന്നില്ല. ഒരു വയസായപ്പോഴും നാലു കിലോ തൂക്കം മാത്രമാണുണ്ടായിരുന്നത്. ജനുവരി 28 ന് ശ്വാസതടസത്തെത്തുടര്‍ന്ന് മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കുട്ടിക്ക് ന്യൂമോണിയയും ബാധിച്ചു. ഒരു മാസത്തോളം ആശുപത്രിയില്‍ തന്നെ കിടന്നു. കുഞ്ഞിന്റെ ജീവന് അപകടത്തിലേക്കാണ് നീങ്ങുന്നതെന്ന് മനസിലാക്കി അടിയന്തര ശസ്ത്രക്രിയയ്ക്ക് ഡോക്ടര്‍മാര്‍ ബിലീവേഴ്സ് ആശുപത്രിയിലേക്ക് അയയ്ക്കുകയായിരുന്നു. ഈ ഗണത്തില്‍പ്പെട്ട 23 ഹൃദയ ശസ്ത്രക്രിയകള്‍ ആശുപത്രിയില്‍ ഇതുവരെ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡയറക്ടര്‍ ഡോ. ജോര്‍ജ് ചാണ്ടി മറ്റീത്ര പറഞ്ഞു.