മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിച്ചില്ല ; സംഘം വയനാട്ടിലേക്ക് !


കൊച്ചി: സംസ്ഥാന ദുരിതബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ പുറപ്പെട്ട മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിച്ചില്ല. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. കാലവര്‍ഷം കടുത്ത നാശം വിതച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ തിരുവനന്തപുരത്തുനിന്ന് വ്യോമസേനയുടെ ഹെലികോപ്റ്ററിലാണ് യാത്രതിരിച്ചത്. ആദ്യം ഇടുക്കിയിലെ കാലവര്‍ഷക്കെടുതി മേഖല നേരില്‍ കാണാനായിരുന്നു മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ തീരുമാനം. കട്ടപ്പനയില്‍ ഇറങ്ങാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മോശം കാലാവസ്ഥ കാരണം ഇറങ്ങാന്‍ സാധിക്കാതെ വരികയായിരുന്നു. മുഖ്യമന്ത്രിക്ക് പുറമെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന് എന്നിവരാണ് സംഘത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം മേഖലകളാണ് സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.