പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞെന്ന് ചെന്നിത്തല


തിരുവനന്തപുരം: പ്രളയ കാലത്ത് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കിയെങ്കിലും സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പാടെ തകിടം മറിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നല്കിയ കത്തില്‍ ചൂണ്ടിക്കാട്ടി. 10,000 പതിനായിരം രൂപ വീതം ദുരിത ബാധിതര്‍ക്ക് അടിയന്തര ആശ്വാസമായി നല്‍കുമെന്ന പ്രഖ്യാപനം പോലും നടപ്പായില്ല, വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഒരു ലക്ഷം രൂപ പലിശ രഹിത വായ്പയായി നല്‍കുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ആര്‍ക്കും ആ തുക ലഭിച്ചിട്ടില്ല. വായ്പയുടെ തിരച്ചടവ് ഉറപ്പാക്കുന്നത് കുടംബശ്രീ വഴിയായിരിക്കും ഇത് നല്‍കുക എന്നും പറഞ്ഞിരുന്നു. സ്വയം സഹായ സംഘങ്ങള്‍ക്കും, കുടംബശ്രീകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എത്ര സ്വയം സഹായസംഘങ്ങള്‍ക്കും, കുടുംബശ്രീയൂണിറ്റുകള്‍ക്കും ഈ സഹായം ലഭ്യമാക്കി എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. ശബരിമല സീസണ് തുടങ്ങാന്‍ ഇനി ഏതാനും ആഴ്ചകള്‍ മാത്രമെ ബാക്കിയുള്ളു. പ്രളയത്തില്‍ തകര്‍ന്ന പമ്ബയിലേയും സന്നിധാനത്തിലേയും റോഡുകളുടെയും നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. പമ്ബയുടെ പുനര്‍ നവീകരണത്തിനായി ഒരു ഉന്നത തല സമിതിയെ സര്‍ക്കാര്‍ രൂപീകരിച്ചിരുന്നു. ആ സമിതി എത്ര തവണ യോഗം ചേര്‍ന്നു, എന്തൊക്കെ തിരുമാനങ്ങള്‍ എടുത്തുവെന്നും ചെന്നിത്തല ചോദിച്ചു.