പാലക്കാട്: ചിറ്റൂർ പുഴയിൽ കുടുങ്ങിയ നാലുപേരെ ഫയർ ഫോഴ്സ് അതിസാഹസികമായി രക്ഷപ്പെടുത്തി. പുഴയിൽ കുളിക്കാനിറങ്ങിയ മൈസൂർ സ്വദേശികളായ ദേവി, ഭർത്താവ് ലക്ഷ്മണൻ, സുരേഷ്, വിഷ്ണു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. കുളിക്കാനിറങ്ങിയ നാലുപേരും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് പുഴയുടെ നടുവിൽ കുടുങ്ങുകയായിരുന്നു. മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ മേൽനോട്ടത്തിലാണ് രക്ഷാപ്രവർത്തനം നടന്നത്.മൂലന്തറ റെഗുലേറ്ററിൻ്റെ ഷട്ടറുകൾ തുറന്നതോടെ പുഴയിലെ ജലനിരപ്പ് ഉയരുകയായിരുന്നു. രണ്ടുപേർ പുഴയിൽ കുടുങ്ങിയതോടെ കരയ്ക്കുനിന്ന ഒപ്പമുണ്ടായിരുന്ന രണ്ടുപേർ ഇവരെ രക്ഷിക്കാനായി പുഴയ്ക്ക് നടുവിലേക്ക് എത്തുകയായിരുന്നു. ഇതോടെ നാലുപേരും പുഴയുടെ നടുവിൽ അകപ്പെട്ടു. തുടർന്ന് പാറയിൽ കയറി അഭയം പ്രാപിച്ചു.
സംഭവം അറിഞ്ഞ് പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഫയർ ഫോഴ്സ് സംഘം കുത്തൊഴുക്കിനിടെ പുഴ മുറിച്ചുകടന്ന് നാലുപേരെയും ലൈഫ് ജാക്കറ്റ് ധരിപ്പിച്ച ശേഷം കയർ കെട്ടി പുഴ കടത്തുകയായിരുന്നു. 40 മിനിറ്റോളം നേരം രക്ഷാപ്രവർത്തനം നടന്നു.
പുഴയിൽ ഇറങ്ങുമ്പോൾ വെള്ളം ഉണ്ടായിരുന്നില്ലെന്നും പെട്ടെന്ന് ഒഴുക്കുണ്ടാകുകയായിരുന്നുവെന്നും രക്ഷപ്പെട്ടവർ പറഞ്ഞു. ദിവസവും വന്നു കുളിക്കുന്ന സ്ഥലമാണിത്. പുഴയിൽ കുടുങ്ങിയപ്പോൾ ഭയന്നുപോയെന്നും രണ്ടു മണിക്കൂറോളം പാറയിൽ നിലയുറപ്പിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. മൈസൂർ സ്വദേശികളായ ഇവർ ഏറെക്കാലമായി ചിറ്റൂരിലാണ് താമസിക്കുന്നത്. ഫയർ ഫോഴ്സിൻ്റെ സമയോചിതമായ ഇടപെടൽ മൂലമാണ് നാലുപേർക്കും ജീവൻ തിരിച്ചുകിട്ടിയത്.
ശക്തമായ ഒഴുക്കിനെ പ്രതിരോധിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയതെന്ന് ഫയർ ഫോഴ്സ് മാധ്യമങ്ങളോട് പറഞ്ഞു. എട്ടുപേരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്. പെട്ടെന്ന് ഒഴുക്ക് കൂടിയതോടെയാണ് നാലുപേരും കുടുങ്ങിയത്. രക്ഷപ്പെടുത്തിയവർക്ക് മറ്റ് പ്രശ്നങ്ങളില്ലെന്നും ആശുപത്രിയിൽ പോകേണ്ടെന്ന് അറിയിച്ചെന്നും ഫയർ ഫോഴ്സ് പറഞ്ഞു.
രക്ഷാപ്രവർത്തനം നടത്തിയ പാലക്കാട് ഫയർ ഫോഴ്സ് അംഗങ്ങൾക്ക് മന്ത്രി കെ കൃഷ്ണൻകുട്ടി അഭിനന്ദനം അറിയിച്ചു. അപകടം അറിഞ്ഞ ഉടൻതന്നെ സംഭവസ്ഥലം സന്ദർശിക്കുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. നല്ല മഴയും പുഴകളിൽ ഒഴുക്കും ഉള്ളതിനാൽ പരിചയമുള്ള സ്ഥലങ്ങളിൽ പോലും പുഴകളിലോ തടയണകളിലോ ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.