ശബരിമല ക്ഷേത്രത്തില്‍ ഹിന്ദു മതസ്ഥരല്ലാത്തവരെ വിലക്കണമെന്ന തൃശ്ശൂര്‍ സ്വദേശിയുടെ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി : യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്നും കോടതി ഹര്‍ജിക്കാരനോട് !!


കൊച്ചി: ശബരിമല ക്ഷേത്രത്തില്‍ ഹിന്ദു മതസ്ഥരല്ലാത്തവരെ വിലക്കണമെന്ന തൃശ്ശൂര്‍ സ്വദേശിയുടെ ഹര്‍ജിയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ഹിന്ദുമത വിശ്വാസികള്‍ അല്ലാത്തവര്‍ക്ക് ശബരിമല ക്ഷേത്രത്തില്‍ വിലക്കില്ലെന്നും ശബരിമല ക്ഷേത്രം മതനിരപേക്ഷ ക്ഷേത്രമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഊരകം സ്വദേശി ഗോപിനാഥന് നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ വിമര്‍ശനം. കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ യേശുദാസ് പാടിയ ഹരിവരാസനം മാറ്റിപ്പാടിക്കേണ്ടി വരുമോയെന്നും കോടതി ഹര്‍ജിക്കാരനോട് ചോദിച്ചു. അതേസമയം, ഹരിവരാസനത്തെ മന്ത്രമായി കാണരുതെന്നും അതിന് ക്ഷേത്രാചാരവുമായി ബന്ധമില്ലെന്നുമായിരുന്നു ഗോപിനാഥന് വേണ്ടി ഹാജരായ അഭിഭാഷകന്റെ മറുപടി. ഹര്‍ജിയുമായി മുന്നോട്ട് പോകാന്‍ ഹര്ജിക്കാരന് ആഗ്രഹിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് നിര്‍ദേശം നല്കി. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മറ്റൊരു ദിവസത്തേക്ക് മാറ്റി. ശബരിമല ക്ഷേത്രത്തില്‍ അഹിന്ദുക്കളെ വിലക്കാന്‍ ആവശ്യപ്പെടുന്ന ഹരജികള്‍ പരിഗണിക്കാനാവില്ലെന്ന് ദേവസ്വം കേസുകള്‍ പരിഗണിക്കുന്ന മറ്റൊരു ബെഞ്ച് മാര്‍ച്ച് മാസത്തില്‍ വ്യക്തമാക്കിയിരുന്നു.